24 കുട്ടികൾക്ക് പരിക്കേറ്റു
ചാലക്കുടി: സ്കൂൾ വിദ്യാർഥികളുമായി പോയിരുന്ന സ്വകാര്യ വാൻ പോട്ട വാഴക്കുന്ന് താണിപ്പാറ മെയിൻ കനാലിലേക്കു മറിഞ്ഞ് 24 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 4.15 നാണ് അപകടമുണ്ടായത്.
ആളൂർ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികളാണ് വാനിൽ സഞ്ചരിച്ചിരുന്നത്. സാധാരണ വലിയ വാഹനങ്ങൾ പോകാത്ത വീതികുറഞ്ഞ കനാൽ ബണ്ടിലൂടെയാണ് വാൻ ഓടിച്ചത്. ഇന്നലെ പുതിയ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും വാഹനം ഇതുവഴി എടുക്കാറില്ലെന്നും പറയുന്നു. 10 അടിയോളം താഴ്ചയുള്ള മെയിൻ കനാലിലേക്കാണ് വാഹനം മറിഞ്ഞത്.
ചെറിയ പരിക്കുകളോടെ പോട്ട പള്ളൂപറമ്പില്‍ പി.വി. ഷിഖ(11), പള്ളൂപറമ്പില്‍ ശിവാനി(9), പോട്ട പൊറുത്തൂക്കാരന്‍ നിധി ജെയിംസ്, ഞാറേക്കാടന്‍ കെവിന് ഷിനോജ്(13), കൊല്ലെന്തേരി എയ്ഡന്‍ (4), അധ്യാപിക നിധിമോള് (45) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും, നിരുപമ സന്തോഷ് (11), ആവന്തിക (10), അനാമിക (13), ആദം (13), സയാ എലിസബത്ത് (4), സിയാന് (4), ലാറീസ് (14), ജുലീന (13), അലിന് റോസ് (14), അയന (7), ജാസ്മിന് (5), സോന (14), അബേബ (8), അബിഗെയില്‍ (5), ആന്റണി(14), അനക്സ് (13), ഷാരോണ്‍ (9), ജോയല്‍(13), എയ്സന്‍ എന്നിവരെ പോട്ട ധന്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈവിരലിനു പരിക്കേറ്റ താണിപ്പാറ മണ്ടത്തറ നയന(10), സഹോദരി അനന്യ(9) എന്നിവർ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടമുണ്ടായ ഉടൻ പരിസരവാസികൾ ഓടിയെത്തിയാണ് വാനിനകത്ത് കുടുങ്ങിക്കിടന്ന വിദ്യാർഥികളെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്. ആളൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു തുടങ്ങിയവരും എത്തിയിരുന്നു.